04:01am 22 July 2026
NEWS
13കാരിയെ കുടുക്കിയത് ഓൺലൈൻ സൗഹൃദം; ബലാത്സം​ഗവും ഭീഷണിയും; 27കാരന് 22 വർഷം തടവ്
21/07/2026  09:10 AM IST
nila
13കാരിയെ കുടുക്കിയത് ഓൺലൈൻ സൗഹൃദം; ബലാത്സം​ഗവും ഭീഷണിയും; 27കാരന് 22 വർഷം തടവ്

സിംഗപ്പൂർ സിറ്റി: ഓൺലൈൻ വഴി പരിചയപ്പെട്ട 13 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് സാമ്പത്തിക ലാഭത്തിനായി ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും ചെയ്ത 27കാരന് സിംഗപ്പൂർ കോടതി 22 വർഷത്തെ കഠിനതടവ് വിധിച്ചു. ഫുംഗ് യോംഗ് എന്ന യുവാവാണ് കേസിലെ പ്രതി.

2023 മേയ് മുതൽ ജൂലായ് വരെ പെൺകുട്ടിയെ തുടർച്ചയായി പീഡിപ്പിച്ചെന്നാണ് പരാതി. പ്രതി ആദ്യം പെൺകുട്ടിക്ക് 300 സിംഗപ്പൂർ ഡോളർ കടമായി നൽകിയിരുന്നു. പിന്നീട് ആ തുക തിരിച്ചു നൽകുന്നതിനു പകരം മറ്റ് പുരുഷൻമാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പെൺകുട്ടിയെ നിർബന്ധിക്കുകയായിരുന്നു. ഇതിനായി പെൺകുട്ടിയുടെ ടെലിഗ്രാം അക്കൗണ്ടിലെ പേരും ചിത്രവും ഉപയോഗിച്ച് ലൈംഗിക സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങളും ഇയാൾ നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തി. ഇതിലൂടെ ഏകദേശം 3,000 സിംഗപ്പൂർ ഡോളർ സമ്പാദിച്ചതായും പൊലീസ് വ്യക്തമാക്കി.

കോണ്ടം ഉപയോഗിക്കാൻ തയ്യാറാകാത്തവരിൽ നിന്ന് കൂടുതൽ തുക ഈടാക്കിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് 5,000 സിംഗപ്പൂർ ഡോളർ നൽകിയില്ലെങ്കിൽ പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

മേയ് മാസത്തിൽ പെൺകുട്ടിയെ വീട്ടിലെത്തിച്ച പ്രതി കിടപ്പുമുറിയിൽ ബന്ധിച്ചുവെച്ച് പീഡിപ്പിച്ചെന്നും, ജൂലായ് 9-ന് വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി വീണ്ടും ആക്രമിക്കുകയും മർദിക്കുകയും ചെയ്തെന്നും അന്വേഷണ രേഖകളിൽ പറയുന്നു. താൻ ഗർഭിണിയായേക്കാമെന്ന് പെൺകുട്ടി സന്ദേശം അയച്ചെങ്കിലും പ്രതി പ്രതികരിച്ചില്ല.

ഒടുവിൽ പീഡനവിവരങ്ങൾ പെൺകുട്ടി മാതാവിനോട് തുറന്നുപറഞ്ഞതോടെയാണ് കേസ് പുറത്തുവന്നത്. അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും, വിചാരണയ്ക്ക് ശേഷം കോടതി 22 വർഷത്തെ കഠിനതടവ് ശിക്ഷ വിധിക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img